കൊല്ലം : ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ഇതിനായി ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി.
ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇത്രെയും നിലവിളക്കുകയും പത്രങ്ങളും ലേലം ചെയ്യുന്നത് വഴി വലിയൊരു തുക ലഭ്യമാകുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. അതേസമയം ക്ഷേത്രത്തിൽ ഉപയോഗിച്ച് വരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.