കൊറോണ വിവരശേഖരണം; സ്പ്രിംഗ്ലറെ ഒഴിവാക്കിയെന്ന് സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലത്തില്‍നിന്ന് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്ലറെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.

സ്പ്രിംഗ്ലറുമായി നിലവില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സ്പ്രിംഗ്ലറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിംഗ്ല റിന് അനുമതി ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.