തിരുവനന്തപുരം: പത്തുവയസ്സിനു താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
ഇത്തരത്തിൽ സന്ദർശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സഹായവും ബോധവല്കരണവും നടത്തുന്നതിന് ജനമൈത്രി പൊലീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകൾക്കുള്ളിൽ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ബസില്‍ കയറാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പൊലീസ് നടപടി സ്വീകരിക്കും.
വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിയര്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത്തരം പരിശോധനകള്‍ക്കായി ജില്ലയില്‍ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ക്വാറന്റെയ്ന് ലംഘനം കണ്ടെത്തുക, ക്വാറന്റെയ്ന് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, തനിച്ചു കഴിയുന്ന മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുക എന്നിവയാണ് മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ പ്രധാന ചുമതല. പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിന്റെ ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടലൂരിക്കാണ്.