തിരുവനന്തപുരം: സ്വകാര്യബസ് സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.
ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. ചില ബസുകൾ നാളെ മുതൽ തന്നെ സർവീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ് സർവീസുകൾ നടത്തില്ലെന്ന സമീപനമല്ല ബസുടമകൾക്ക് ഉള്ളത്. സർവിസുകൾ പുനരാരംഭിക്കുമ്പോൾ അവർ നേരിടുന്ന പ്രയാസങ്ങൾ അറിയിക്കുകയാണ് അവർ ചെയ്തത്. അത് സർക്കാർ മുഖവിലയ്ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റ പണികൾക്കുവേണ്ടിയാണ് സർവീസുകൾ വൈകുന്നത്. അത് തീർത്ത് എത്രയും വേഗത്തിൽ സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം കോഴിക്കോട് ജില്ലയിൽ ഇപ്പോൾത്തന്നെ ചില ബസുകൾ ഓടി തുടങ്ങിയെന്നും അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകൾ ഓടിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം അനുഭാവത്തോടെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബസ് ഉടമകള്‍ അറിയിച്ചു.