കേരളത്തിൽ ഇത്തവണയും പ്രളയം ; കേന്ദ്ര മുന്നറിയിപ്പ് ഉടൻ വരും

ന്യൂഡെൽഹി : കഴിഞ്ഞ 10 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രളയത്തെ നേരിടാൻ കേരള സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്നും വരും വർഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവൻ പറഞ്ഞു. എപ്പോൾ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുൻപായി അറിയിക്കുമെന്നും ഡോ. എം. രാജീവൻ പറഞ്ഞു.
ആളുകളെ ഒഴിപ്പിക്കലും ഡാമുകൾ തുറക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാരുകൾക്ക് ശ്രദ്ധവേണം. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിരിക്കുമെന്ന സുചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന കണക്കുക്കൂട്ടലില്‍ ആണ് വിദഗ്ദര്‍. കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കിയ സൂചനകളില്‍ നിന്ന് കേരളത്തില്‍ ഇത്തവണ അതിവര്‍ഷം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനത്തില്‍ നേരത്തെ അറിയിച്ചിരുന്നു.
ശക്തമായ മഴ അല്ലെങ്കില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ സ്വകാര്യ കാലാവസ്ഥാ കേന്ദ്രളില്‍ നിന്ന് കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യത എന്ന് തുടങ്ങിയ മുന്നറിയിപ്പുകളും വന്നിരുന്നു.