ആലപ്പുഴ: നീണ്ട നാളത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്ത് ബോട്ട് സർവീസുകളും തുടങ്ങി.
ജല ഗതാഗതം കൂടുതൽ ആശ്രയിക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ബോട്ട് യാത്രയാണ് പുനരാരംഭിച്ചത്. കൈനകരി അടക്കമുള്ള പ്ര ദേശങ്ങളിൽ എല്ലാവർക്കും വലിയ ആശ്വാസമാണ് ബോട്ട് സർവീസ്. ഒന്നര മാസത്തെ നീണ്ട അടച്ചിടലിനു ശേഷമാണ് വേമ്പനാട് കായലിലൂടെ ബോട്ടുകൾ ഓടി തുടങ്ങിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ഇടവേളകളിലും ബോട്ട് അണുവിമുക്തമാക്കും.
പൊതുവേ ആളുകൾ കുറവാണ്. മിനിമം ടിക്കറ്റ് നിരക്ക് ആറിൽ നിന്നും എട്ട് രൂപയായി ഉയർത്തിയിട്ടുണ്ട്.
പകുതി ആളുകൾ എന്ന കണക്കിൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലും സർവീസ് തുടങ്ങിയത്തോടെ ആകെ 122 ബസുകൾ ആണ് ആലപ്പുഴയിൽ സർവീസ് നടത്തുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്.