മലപ്പുറം: ഉത്തര്‍പ്രദേശിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ലോറിയില്‍ കുത്തിനിറച്ച് കൊണ്ടുപോകാനുള്ള നീക്കം പൊലീസ് തടഞ്ഞു . മലപ്പുറം എടപ്പാള്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകാൻ 70 ഓളം തൊഴിലാളികളെയാണ് ലോറിയിൽ കയറ്റിയത്. താനൂര്‍ മുതല്‍ കുറ്റിപ്പുറം വരെ ഇവർ ലോറിയിലുണ്ടായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് ലോറി പൊലീസ് പിടികൂടി.
അനങ്ങാൻ പോലും ഇടമില്ലാതെ മൂന്നു ഭാഗത്തും മറയുള്ള ലോറിയില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികൾ. ഉത്തര്‍പ്രദേശില്‍ നിന്ന് ചരക്കുമായെത്തിയ ലോറിയില്‍ നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. തൊഴിലാളികളെ അതേ വാഹനത്തില്‍ കയറിയ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ്.