കെഎസ്ആർടിസി സർവിസുകൾ വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പോകാൻ: ഗതാഗത മന്ത്രി

തിരുവനന്തപുരം: അടിയന്തിര യാത്രകൾക്ക് വേണ്ടിയും വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുള്ളതിനാലുമാണ് കെഎസ്ആർടിസി സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.

ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. പരമാവധി ഹ്രസ്വദൂര സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടിസി ബുധനാഴ്ച മുതൽ പരമാവധി ഹ്രസ്വദൂര സർവീസ് നടത്തും. എന്നാൽ സർവീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സർവീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തിൽ തീരുമാനിച്ചാൽ ബുദ്ധിപൂർവമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ വെച്ചത് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബസുകൾ ഓടിക്കാൻ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. സ്വകാര്യ ബസുകാർ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സർക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു