കുറ്റ്യാടി പാറക്കടവിൽ നൂറോളം ബിഹാറി തൊഴിലാളികളുടെ പ്രതിഷേധം

കോഴിക്കോട്: നാട്ടിൽ പോകണമെന്ന ആവിശ്യം ഉന്നയിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ വീണ്ടും പ്രതിഷേധത്തിനിറങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത പാറക്കടവിലാണ് നാട്ടിൽ പോകണമെന്ന ആവശ്യവുമായി നൂറോളം ബിഹാർ സ്വദേശികൾ പുറത്തിറങ്ങി പ്രതിഷേധിച്ചത് .

ബിഹാറിലേക്ക് മെയ് 20 കഴിഞ്ഞേ ട്രെയിൻ സർവീസ് ഉള്ളൂയെന്ന് അതുവരെ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവർ കേട്ടില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവർ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു.

നിർബന്ധമാണെങ്കിൽ തിരികെ നാട്ടിൽ പോകാൻ ഒരാൾ 7000 രൂപ വീതമെടുത്ത് 40 പേർക്ക് ഒരു ബസ് തരാം എന്ന് പൊലീസ് പറഞ്ഞെങ്കിലും ഞങ്ങളുടെ കൈയിൽ അതിനു പണമില്ലെന്ന് പറഞ്ഞ് ഇവർ പ്രതിഷേധിക്കുകയായിരുന്നു.
ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്ക് ആളുകൾ തിരികെ പോയെന്നും അതുകൊണ്ട് ഞങ്ങൾക്കും പോകണം എന്നാണ് ഇവർ പറയുന്നത്. ഞങ്ങൾക്ക് പോകാൻ സൗകര്യം ഏർപെടുത്തിയില്ലെങ്കിൽ ഞങ്ങൾ നടന്നു പോകുമെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഇത് അനുവദിക്കാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ നാല് പേർ പിടിയിലായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.