സ്റ്റാർ ഹോട്ടലിലെ മദ്യ ഗോഡൗണിൻ്റെ പൂട്ട് തല്ലിപ്പൊളിച്ച് മദ്യം കടത്തി; മൂന്നു പേർ പിടിയിൽ

കൊച്ചി: എക്സൈസ് വകുപ്പ് അടച്ച് പൂട്ടി സീൽ ചെയ്ത സ്റ്റാർ ഹോട്ടലിലെ മദ്യ ഗോഡൗണിൻ്റെ പൂട്ട് തല്ലിപ്പൊളിച്ച് ജീവനക്കാരൻ മദ്യം കടത്തി. മൂന്നു പേർ പിടിയിലായി. വൈറ്റിലയിലെ സ്റ്റാർ ഹോട്ടലിലാണ് സംഭവം.

ലോക്ക് ഡൗണിനെ തുടർന്ന് എക്സൈസ് വകുപ്പ് മദ്യത്തിൻ്റെ സ്റ്റോക്ക് എടുത്ത ശേഷം സീൽ ചെയ്ത ഗോഡൗണിൽ നിന്നാണ് മദ്യം കടത്തിയത്. വൈറ്റില ചളിക്കവട്ടത്ത് കാറിൽ മദ്യവിൽപ്പന നടത്തിയ മൂന്ന് യുവാക്കൾ ഷാഡോ പോലീസിൻ്റെ പിടിയിലായതോടെയാണ് ബാറിൽ നിന്നും മദ്യം കടത്തിയത് പുറം ലോകമറിഞ്ഞത്.
5000 മുതൽ 25000 രൂപ വരെയായിരുന്നു മദ്യത്തിന് വില.

മദ്യം വാങ്ങിക്കാനെന്ന വ്യാജേനെ എത്തിയ ഷാഡോ പോലീസ് 25 കുപ്പി മദ്യം കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർ പിന്നീട്സ്റ്റാർ ഹോട്ടലിൽ പരിശോധന നടത്തി. 60 കുപ്പി മദ്യം കുറവുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സർക്കാർ സീൽ ചെയ്ത ഗോഡൗണിൻ്റെ പൂട്ട് തുറന്നതിന് സ്റ്റാർ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. സംഭവത്തേ പറ്റി അറിവില്ലെന്നാണ് മാനേജ്‌മെൻ്റിൻ്റെ വാദം. ഡി.ജെ പാർട്ടി നടത്തിയതിന് നേരത്തേ ഈ സ്റ്റാർ ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു.

ചളിക്കവട്ടം വലിയ പറമ്പിൽ വീട്ടിൽ ഗോഡ് വിൻ ഗ്ലാൻസി(25), തമ്മനം കണ്ണോകര വീട്ടിൽ ജിനോയ് (25), വെണ്ണല ഹാരിസ് കോട്ടേജിൽ ഹാഫിസ് (24) എന്നിവരാണ് ചളിക്കവട്ടം ഭാഗത്തു വച്ച് പിടിയിലായത്.കാറിലെത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. ലോക്ക് ഡൗണിനോടനുബന്ധിച്ച് മദ്യക്ഷാമം നേരിട്ടതോടെ പ്രതികൾ ഉയർന്ന വിലയ്ക്ക് മദ്യം ആവശ്യക്കാർക്ക് കാറിൽ എത്തിച്ച് നൽകി വരികയായിരുന്നു.