എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം നടത്താനിരുന്ന എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു.
രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ഈ മാസം 26 മുതൽ 30 വരെ എസ്എസ്എൽസി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ നടത്താനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ സ്കൂളുകളും കോളേജുകളും തുറക്കുകയോ ഓൺലൈൻ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നാലാം ഘട്ട ലോക് ഡൗൺ നിർദേശനത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും

നാലാം ഘട്ട ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. പരീക്ഷകൾ ജൂണിൽ നടത്താനാണ് ഇപ്പോൾ ധാരണ. തീയതി പിന്നീട് തീരുമാനിക്കും.