ദുബായിൽ നിന്ന് 175 മലയാളികൾ മടങ്ങിയെത്തി;ഗർഭിണികൾക്കും രോഗികൾക്കും ആശ്വാസം

കൊച്ചി: ദുബായിൽ നിന്ന് 175 യാത്രക്കാരുമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.75 പേർ ഗർഭിണികളും രോഗികളും വയോജനങ്ങളും ദുരിതത്തിലായ തൊഴിലാളികളുമാണ് എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 434 വിമാനത്തിൽ നാട്ടിലെത്തിയത്.

ഭാര്യ മരിച്ച് നാട്ടിലേയ്ക്ക് പോകുന്ന പാലക്കാട് സ്വദേശി വിജയകുമാർ ഇവരിൽ ഉൾപ്പെടുന്നു. പാലക്കാട് സ്വദേശി കൃഷ്ണദാസിന്റെ രക്താർബുദം ബാധിച്ച് മരിച്ച മകൻ വൈഷ്ണവി(4)ന്റെ മൃതദേഹവും വിമാനത്തിൽ എത്തിച്ചു. രണ്ടാമത്തെ വിമാനം എഎക്സ് 538 യുഎഇ സമയം വൈകിട്ട് 5ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കും. ഇന്ത്യൻ സമയം രാത്രി 10.40ന് തിരുവനന്തപുരത്ത് ഇറങ്ങും.

ആദ്യഘട്ടത്തിലെ സർവീസുകൾ വിജയകരമാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഒാഫിസ് ട്വീറ്റ് ചെയ്തു. ആകെ 11 വിമാനങ്ങളിലായി 2,079 പേർ ഇന്ത്യയിലെത്തി. ദുരിതത്തിലായ 760 തൊഴിലാളികൾ, 438 കുടുങ്ങിയ വിനോദ സഞ്ചാരികളും വിദ്യാർഥികളും, അടിയന്തര ചികിത്സ ആവശ്യമുള്ള 398 പേർ, 190 ഗർഭിണികൾ, 126 വയോജനങ്ങൾ, 167 മറ്റു വിഭാഗക്കാർ എന്നിവരാണ് യാത്ര ചെയ്തത്.