മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ മൂന്നാറിലെ അനധികൃത വീട് നിര്‍മ്മാണത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. നിര്‍മ്മാണത്തിന് അനുമതി വാങ്ങിയില്ല, പട്ടയരേഖകള്‍ ഹാജരാക്കിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അനുമതിയില്ലാതെ വീട്ടില്‍ രണ്ടാംനില പണിയുന്നു എന്ന് കാണിച്ച് നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം നിലയുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് സബ് കലക്ടര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. വീട് നിർമാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു.
മൂന്നാറില്‍ എന്ത് നിര്‍മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്.
അനുമതിയില്ലാതെ എസ് രാജേന്ദ്രൻ എഎൽഎ വീടിന്‍റെ രണ്ടാംനില നിർമിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. മൂന്നാർ ടൗണിന്‍റെ ഹൃദയഭാഗമായ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീട്. മൂന്നാറിൽ എന്ത് നിർമാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിർബന്ധമാണ് എന്ന ചട്ടം നിലനിൽക്കെയാണ് എംഎൽഎയുടെ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു.
ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.