സ്വർണ്ണവില കുതിക്കുന്നു; പവന് 34400 ₹

തിരുവനന്തപുരം: കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് ഇന്ന് മാത്രമായി 50 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4300 രൂപയും ഒരു പവന് 34400 രൂപയുമാണ് ഇന്നത്തെ വില. 

മാർച്ച്‌ മാസത്തിൽ പവന് 32,200 രൂപയായിരുന്നു. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുണ്ടായിരുന്നത്. മെയ് ഒന്നിലെ വിലയായ 33,400 രൂപയായിരുന്നു പവന്. 15 ദിവസംകൊണ്ട് വർധിച്ചത് 1000 രൂപയോളമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ദേശീയ വിപണിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വർണവില കൂടുന്നത്.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില കുതിക്കാനിടയാക്കയിത്. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാൽ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.