സംസ്ഥാന സർക്കാർ പിന്തുടരുന്നത് കേന്ദ്രനയം; 20000 കോടിയുടെ കേരളപാക്കേജ് കടം തീർക്കാനുള്ള പദ്ധതി: ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റേ അതേ നയമാണ് സംസ്ഥാന സർക്കാരും സ്വീകരിക്കുന്നതെന്നും ബജറ്റിന് പുറമേ സർക്കാർ ഒന്നും ചെലവാക്കുന്നില്ലെന്നും
കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.
കൊറോണയുടെ പശ്ചാത്തലത്തിൽ കേരളം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറിയപങ്കും കുടിശ്ശിക തീർക്കാനുള്ള പണമാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

കൊറോണ മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ രാജ്യത്തെ പാവപ്പെട്ടവരെ അവഗണിച്ചെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്താനുള്ള യാതൊരു ശ്രമങ്ങളും പാക്കേജിൽ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് ബാറുകളുടെ കൗണ്ടറുകൾ വഴി മദ്യം പാര്‍സലായി വിൽക്കാൻ അനുമതി നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.
പൊതുമേഖലയിലെ മദ്യവിൽപ്പനയെ അട്ടിമറിക്കുന്ന പുതിയ നയമാണ് സര്‍ക്കാരിൻ്റേത്.
ബവ്കോയുടെ വിൽപ്പന പത്ത് ശതമാനമായി കുറയുമെന്നും അതുകൊണ്ട് തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി പിൻവലിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ബാറുടമകളെ സഹായിക്കുന്ന ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വാളയാറിൽ പ്രതിഷേധിച്ച ജനപ്രതിനിധികളെ ക്വാറന്‍റീനിലാക്കിയത് തെറ്റാണോ എന്ന് ജനം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറ‍ഞ്ഞു. പാസില്ലാതെ കടത്തിവിടാൻ കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞിട്ടില്ല. കോൺഗ്രസ് ജനപ്രതിനിധികൾക്കെതിരായ പെയ്ഡ് സൈബർ ആക്രമണത്തെ അപലപിക്കുന്നു എന്നും വിഡി സതീശനെതിരായ വിവാദത്തിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചു.