സൗജന്യ കിറ്റ് വിതരണം ഇന്ന് മുതൽ; 17 ഇനങ്ങൾ

തിരുവനന്തപുരം : വെള്ള റേഷൻ കാർഡുകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാർഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം നടത്തുന്നത്. പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഈ മാസം 15നും 1, 2 അക്കങ്ങൾക്ക് 16നും 3, 4, 5 അക്കങ്ങൾക്ക് 18നും 6, 7, 8 അക്കങ്ങൾക്ക് 19നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20നും വിതരണം ചെയ്യും. 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കും.

പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊറോണ കാലത്തെ നേരിടാൻ സർക്കാർ സൗജന്യമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്യുന്നത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാകും റേഷൻ കടകളിൽ നിന്നും കിറ്റുകൾ നൽകുന്നത്. ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്. ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തു രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താൻ സർക്കാർ നിർദേശം ഉണ്ട്.