തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും കീഴിലുള്ള ആകെ 301 ഔട്ട്ലറ്റുകള് ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്. എന്നാൽ മദ്യക്കടകള്‍ എന്ന് തുറക്കും എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. മദ്യത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തന സമയം കുറയ്ക്കാനുള്ള ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാര്‍ ഹോട്ടലുകളില്‍ നിന്ന് പ്രത്യേക കൗണ്ടര്‍ തയ്യാറാക്കി പാര്‍സല്‍ നല്‍കാം. ബിവറേജസ് കോര്‍പ്പറേഷന്റെ എംആര്‍പി റേറ്റിന് അനുസരിച്ച് മാത്രമേ വില്പന പാടുള്ളു.
2018ല്‍ പ്രളയമുണ്ടായപ്പോള്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് എട്ട് മുതല്‍ 15 ശതമാനം വരെ എക്സൈസ് ഡ്യൂട്ടിയില്‍ വര്‍ദ്ധനവ് വരുത്തിയാണ് നൂറുദിവസം വരുമാനം കൂട്ടിയത്. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയില്‍ മദ്യവില്‍പ്പന നികുതിയില്‍ വര്‍ദ്ധന വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വില്‍പ്പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തും. ഇത് അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.