തിരുവനന്തപുരം: ഹോട്ടലുകൾ ഉടൻ തുറക്കും. ഓട്ടോറിക്ഷകൾക്ക് താമസിയാതെ ഓടാം. ഇക്കാര്യങ്ങളിൽ സർക്കാർ പ്രഖ്യാപനം ഉടൻ. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല. ലഭിച്ചാലുടൻ തീരുമാനം വരും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, പക്ഷേ ചെറിയ നിയന്ത്രണങ്ങൾ വരും. റെസ്റ്റോറന്റിലെ സീറ്റുകൾ അതനുസരിച്ച് ക്രമീകരിക്കണം. ഓട്ടോകൾക്കും നിയന്ത്രണങ്ങളോടെ നിരത്തിലിറങ്ങാം.
ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകൾ അനുവദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
കർശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷകൾ അനുവദിക്കാവുന്നതാണ്. യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന നിലയിൽ നിജപ്പെടുത്തണം. കുടുംബാംഗങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ മാത്രം ഇതിൽ ഇളവ് അനുവദിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഹോസ്‌പിറ്റാലിറ്റി മേഖല (ഹോട്ടൽ റൂം ശൃംഖല) സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ മൂന്നുവർഷം വരെ എടുത്തേക്കുമെന്ന് വിലയിരുത്തൽ. ഇക്കാലയളവിൽ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ നഷ്‌ടം 600 കോടി ഡോളറാണ് (50,000 കോടി രൂപ). പ്രതിസന്ധി മൂന്നുവർഷത്തേക്ക് നീണ്ടാൽ നഷ്‌ടം 1,476 കോടി ഡോളർ കടക്കും. അതായത്, ഏകദേശം 1.12 ലക്ഷം കോടി രൂപ.
ശരാശരി 6,000 രൂപ പ്രതിദിന വാടകയുള്ള 1.40 ലക്ഷം ആഡംബര (ബ്രാൻഡഡ്) മുറികളാണ് ഇന്ത്യയിലുള്ളത്. 26.6 ലക്ഷം അൺബ്രാൻഡഡ് മുറികളുമുണ്ട്. ഇവയുടെ ശരാശരി പ്രതിദിന നിരക്ക് 1,667 രൂപ. സാധാരണ സാഹചര്യങ്ങളിൽ. പ്രതിവർഷം 500 കോടി ഡോളറിന്റെ വരുമാനം (38,000 കോടി രൂപ) ബ്രാൻഡഡ് ശൃംഖല നേടാറുണ്ട്. അൺബ്രാൻഡഡ് ശൃംഖല നേടുന്നത് 1,800 കോടി ഡോളർ (1.36 ലക്ഷം കോടി രൂപ). സംയുക്ത വരുമാനം 1.74 ലക്ഷം കോടി രൂപ.
കൊറോണ വ്യാപനം, ലോക്ക്ഡൗണിന്റെ തുടർച്ച, യാത്രാ നിരോധനത്തിലെ ഇളവ്, രക്ഷാപാക്കേജ് എന്നിവ അനുസരിച്ചായിരിക്കും ഹോസ്‌പിറ്റാലിറ്റി മേഖലയുടെ വരുമാന നഷ്ടം കണക്കാക്കാനാവുക എന്ന് കൺസൾട്ടിംഗ് സ്ഥാപനമായ ഹോട്ടൽഐവേറ്റ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ പിൻവലിച്ചാലും ആഭ്യന്തര-രാജ്യാന്തര യാത്രാ നിരോധനം നീക്കിയാലും സ്ഥിതി സാധാരണ നിലയിലെത്താൻ വൈകും. കൊറോണ ഭീതി ഒഴിഞ്ഞാലും സാമൂഹിക അകലം പോലെയുള്ള നടപടികൾ ദീർഘകാലം തുടരേണ്ടിയും വരുമെന്നതിൽ സംശയമില്ല.