ഹോട്ട്‌സ്‌പോട്ടിൽ വിലക്ക് ലംഘിച്ച് ഇഫ്താർ വിരുന്ന്; 20 പേർക്കെതിരെ കേസ്

വയനാട്:  കൊറോണ ഹോട്ട്‌സ്‌പോട്ടിൽ ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചു ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. കൊറോണ ഹോട്ട്‌സ്‌പോട്ട് മേഖലയായ വയനാട് നെന്മേനി പഞ്ചായത്തിലാണ് വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്.

നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ഒരുസമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ ഇപ്പോൾ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ജില്ലയില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയത്.ഇതിനിടെയാണ് ഇരുപതോളം പേര്‍ പഞ്ചായത്തില്‍ ഒത്തുകൂടിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്ര പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജില്ലയില്‍ തിരുനെല്ലി, എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാർഡുകളും, അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാർഡുകളും നിലവില്‍ ഹോട്സ്പോട്ടുകളുമാണ്.