ബാറുകളിൽ പാഴ്സൽ മദ്യം; തിരക്കൊഴിവാക്കാൻ രണ്ടായിരത്തിലേറെ കൗണ്ടറുകളും ആലോചനയിൽ

തിരുവനന്തപുരം: മദ്യവിൽപ്പന സുഗമമാക്കാൻ ബാറുകളും ഔട്‌ലെറ്റുകളും ഉൾപ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകൾ വഴി മദ്യം വിറ്റു തിരക്കൊഴിവാക്കാൻ സർക്കാർ ആലോചന.

ബാറുകള്‍ വഴിയും പാഴ്‌സലായി മദ്യം നല്‍കാന്‍ നീക്കം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ എക്‌സൈസ് നീക്കം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഒപ്പം ബാര്‍ കൗണ്ടറും തുറന്നേക്കുമെന്നാണ് സൂചന. അതേസമയം, സര്‍ക്കാര്‍ തീരുമാനപ്രകാരം മൂവായിരത്തിലധികം കള്ള് ഷാപ്പുകള്‍ നാളെ തുറക്കും. കര്‍ശന നിരീക്ഷണത്തിന് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശമുണ്ട്.

നിലവിൽ മദ്യം റീട്ടെയിലായി വിൽക്കാനുള്ള അധികാരം ബാറുകൾക്കില്ല. ഇതിനാണ് അബ്കാരി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്. അതേസമയം നാളെ മുതൽ പ്രവ‍ർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ ക‍ർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ർ ഉദ്യോ​ഗസ്ഥർക്ക് നി‍ർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക.

കുപ്പി കൊണ്ടു വന്നാലെ കള്ള് കിട്ടൂ എന്നതടക്കം കർശന ഉപാധികളോടെയാണ് നാളെ മുതൽ കള്ളുഷാപ്പുകൾ പ്രവർത്തിക്കുക. മദ്യം വാങ്ങുന്നതിനു ടോക്കൺ ഏർപ്പെടുത്താനുള്ള ബെവ്കോയുടെ മൊബൈൽ ആപ്പിന്റെ കാര്യത്തിൽ ഇന്നു തീരുമാനമാകും.

മദ്യക്കടകൾ തുറന്നാൽ അനിയന്ത്രിതമായി തിരക്ക് ഉണ്ടാകുമെന്നുള്ള ഭയമാണ് ഇവ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനു പ്രധാന കാരണം. തിരക്കൊഴിവാക്കാൻ ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകൾ, ബാറുകൾ, ബിയർ വൈൻ പാർലറുകൾ, എന്നിവയിലൂടെ മദ്യവും, ബിയറും പാഴ്സലായി നൽകാനാണ് സർക്കാർ ആലോചന.

സംസ്ഥാനത്ത് 265 ബവ്കോ ഔട്‌ലെറ്റുകൾ, 40 കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകൾ, 605 ബാറുകൾ, 339 ബിയർ വൈൻ പാർലറുകൾ ഇവയിലെ രണ്ടു കൗണ്ടറുകളിൽ കൂടി മദ്യം വിൽക്കുമ്പോൾ ഒരേ സമയം രണ്ടായിരത്തിലേറെ കൗണ്ടറുകളിൽ നിന്നു മദ്യം പാഴ്സലായി ലഭിക്കും. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം ലഭിക്കില്ല. ഒരു കുപ്പി മദ്യത്തിൽ ബവ്കോയ്ക്ക് ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകൾക്കും പാർലറുകൾക്കും ലഭിക്കും. എന്നാൽ ഇവിടെ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. ബെവ്കോയുടെ മൊബൈൽ ആപ്പിൽ ബാറുകളേയും പാർലറുകളേയും ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

നിശ്‌ചിത സമയത്ത് കൗണ്ടറുകളിൽ നിന്നു ടോക്കൺ ഉപയോഗിച്ചു വാങ്ങാവുന്ന തരത്തിലുള്ള മൊബൈൽ ആപിന്റെ കാര്യത്തിൽ ഇന്നു തീരുമാനമാകും. നാളെ മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളിൽ കുപ്പി കൊണ്ടുവന്നാലെ കള്ള് ലഭിക്കു. ഒരേ സമയം അഞ്ചു പേർ മാത്രമെ വാങ്ങാൻ അനുവദിക്കു, സാമൂഹിക അകലം പാലിക്കണം. തൊഴിലാളികൾ മാസ്കും, കയ്യുറയും ധരിക്കണം, ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും, വിൽക്കാനും പാടില്ല തുടങ്ങി കർശന നിർദേശങ്ങൾ എക്സൈസ് വകുപ്പ് പുറത്തിറക്കി.