വീണ്ടും വെള്ളപൊക്ക സാധ്യത; ഡാമുകളിൽ ജലനിരപ്പ് ഉയരും; ചെറുവിരൽ അനക്കാതെ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത വേനൽ മഴ ശക്തമായതോടെ അണകെട്ടുകളെ ജലനിരപ്പിൽ ആശങ്ക ഉയരുന്നു. കാലവർഷം കൂടി എത്തുമ്പോളേക്കും അണക്കെട്ടുകളിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരാനാണ്‌ സാധ്യത. കഴിഞ്ഞ കാലവർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സർക്കാർ ഇതുവരെ വെള്ളപൊക്കം തടയാൻ യാതൊരു നടപടിയുമെടുക്കാത്തതിൽ വിദഗ്ധർക്ക് ആശങ്ക. ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കൂടുമെന്നും വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്നും വ്യക്തമായ അറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വീണ്ടും പ്രതിസന്ധി മുതലാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

കഴിഞ്ഞ രണ്ട് വർഷക്കാലമായി കേരളത്തിൽ പ്രളയം ഉണ്ടാകുന്നതിനാൽ പ്രളയസാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലും ജലനിരപ്പ് താഴത്താൻ സർക്കാർതല ഇടപെടലുകൾ വേണമെന്നും പരിസ്ഥിതി സംഘടനകളും വിദഗ്ധരും ചീഫ് സെക്രട്ടറിക്ക്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ഡാമിൽ 43 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവർഹൗസിൽ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇത് തുടർന്നാൽ മേയ് അവസാനം ഇടുക്കിയിൽ 35 ശതമാനം വെള്ളം ശേഷിക്കും. കാലവർഷം കനക്കുമ്പോളേക്കും ജലനിരപ്പ് ക്രമാതീതമായി കൂടുവാൻ ഇടയുണ്ട്. കാരണം
2018 മേയ് 31-ന് ഇടുക്കിയിൽ 25 ശതമാനം വെള്ളമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ജൂലായിൽ അത് 95 ശതമാനമായി ഉയർന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാർ, പറമ്പിക്കുളം, അപ്പർഷോളയാർ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് സർക്കാർ തല ഇടപെടലുകൾ നടത്തണം. തമിഴ്‌നാട് വഴങ്ങുന്നില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന നദീസംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. എസ്. സീതാരാമൻ, എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, കൊച്ചി സർവകലാശാല കാലാവസ്ഥ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ് തുടങ്ങിയവരാണ് രംഗത്ത എത്തിയിരിക്കുന്നത്.