ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അഞ്ച് ദിവസത്തേക്ക് മദ്യമില്ല; ബിവറേജസ് ആപ് ഒരുങ്ങുന്നു

തിരുവനന്തപുരം: ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വാങ്ങാൻ വിലക്കുള്ള രീതിയിൽ സോഫ്റ്റ് വെയറും ആപ്പും തയ്യാറാക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ.
ബെവ്ക്കോയിൽ നിന്നും ഓണ്‍ലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്തും. തിരക്കോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകാതെ മദ്യ വിൽപ്പനക്കുവേണ്ടിയാണ് ഓണ്‍ ലൈൻ ടോക്കൻ. സ്മാർട് ഫോണിൽ ആപ്പ് വഴിയും സാധാരണ ബേസിക്ക് ഫോണിൽ എസ്എംഎസ് വഴിയും മദ്യം വാങ്ങാനാണ് സംവിധാനമൊരുക്കുന്നത്. സമീപത്തുള്ള ഔട്ട് ലെറ്റിൽ നിന്നും കൗണ്ടറും മദ്യവും തെരെഞ്ഞെടുക്കാം. പണവും ഓണ്‍ ലൈൻ വഴി അടച്ചാൽ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാനുള്ള സമയം ലഭിക്കും.

ടോക്കണിൻറെ പ്രിൻ് ഔട്ടോ മൊബൈലിലെ എസ്എംഎസോ ആയി മദ്യവിൽപനശാലയിൽ എത്തിയാൽ മദ്യം വാങ്ങാം. പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സ്റ്റാർട്ട് ആപ്പ് മിഷനെ 29 കമ്പനികൾ സമീപിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകൾ പരി​ശോധിച്ച് ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്താൻ സ്റ്റാ‍ർട്ട് അപ്പ് മിഷന് സ‍ർക്കാ‍ർ നി‍ർദേശം നൽകിയിട്ടുണ്ട്.

മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ചപ്പോൾ ഉണ്ടായ തിരക്കും ബഹളവും കണക്കിലെടുത്താണ് ഓൺലൈൻ മദ്യവിൽപനയുടെ സാധ്യത പരിശോധിക്കാൻ സ‍ർക്കാരിൽ ധാരണയായത്. നേരത്തെ സുപ്രീംകോടതിയും മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.

അതേ സമയം മദ്യശാലകള്‍ എന്നു തുറക്കുമെന്ന് പറയാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഓണ്‍ ലൈൻ ടോക്കണ്‍ തയ്യാറാടെുപ്പുകളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മദ്യം ലഭിച്ചില്ലെങ്കിൽ ഭ്രാന്താകുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ ചിലരെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സലായി കള്ളുവിൽക്കാൻ അബ്കാരി ചട്ടത്തിൽ ഭേഗതിവേണ്ടെന്ന് എക്സൈസ് കമ്മീഷണർക്ക് നിയമപദേശം ലഭിച്ചു. ഒന്നര ലിറ്റർ കള്ള് ഒരാൾക്ക് കൈവശം വയ്ക്കാൻ നിയമം അനുവദിക്കുന്നതിനാൽ പ്രത്യേകിച്ചൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നാണ് നിയമപദേശം. ഇതോടെ കള്ളുഷാപ്പുകളിൽ നിന്നും ആളുകൾക്ക് നേരിട്ട് മദ്യം വാങ്ങാം.