തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം മദ്യശാലകൾ തുറക്കുമ്പോൾ ഓൺലൈനിൽ ടോക്കൺ നൽകി വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം. ബിവറേജസ് ഔട്ട്ലെറ്റുകളിൽ
ഓൺലൈൻ ക്യൂ സംവിധാനം ഏർപ്പെടുത്താൻ കോർപ്പറേഷൻ തയാറെടുപ്പുകൾ തുടങ്ങി. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും.
നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്.
ബാറുകൾ ഉടൻ തുറക്കാനിടയില്ല.ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വില്പന ചർച്ച ചെയ്യാൻ എക്സൈസ്, ബിവറേജസ് കോർപ്പറേഷൻ, ധനകാര്യ വകുപ്പു മേധാവികളുടെ യോഗം കഴിഞ്ഞ ആഴ്ച വിളിച്ചിരുന്നു. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളുടെ സേവനം പ്രയോജനപ്പെടുത്തി ഓൺലൈൻ വില്പന രൂപപ്പെടുത്താമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ഓൺലൈനിൽ ടോക്കൺ നൽകി വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാമെന്ന അഭിപ്രായവും ഉയർന്നു. രണ്ട് നിർദ്ദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.
ചില്ലറ വില്പനശാലകൾക്കൊപ്പം ബാറുകളിൽ നിന്ന് പാഴ്സൽ നൽകിയാൽ തിരക്ക് കുറയ്ക്കാമെന്നും അമിത വില ഈടാക്കാതെ ബാറുകൾക്ക് മിനിമം മാർജിൻ നൽകിയാൽ മതിയെന്നും എക്സൈസ് നിർദ്ദേശിച്ചെങ്കിലും സർക്കാർ പരിഗണിച്ചില്ല. മാർജിൻ വില മാത്രം ഈടാക്കി പാഴ്സൽ നൽകുന്നതിനോട് ബാറുടമകൾക്കും യോജിപ്പില്ല. ബാറുകൾ അടഞ്ഞു കിടക്കുന്നതിനാൽ ലൈസൻസ് ഫീസ് കുറയ്‌ക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അവർക്കുമുണ്ട്. പുതിയ മദ്യനയത്തിൽ ബാർലൈസൻസ് ഫീസ് 28ൽ നിന്ന് 30 ലക്ഷമാക്കിയിരുന്നു.
ഓൺലൈൻ മദ്യവില്പനയ്ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഉടൻ മദ്യശാലകൾ തുറക്കുന്നതിനോട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് വിയോജിപ്പാണെങ്കിലും അധികകാലം മദ്യവില്പന നിറുത്തിവയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സർക്കാർ നിലപാട്.
ഓൺലൈൻ ക്യൂ സംവിധാനം നടപ്പിലാക്കാൻ പൊലീസിന്റെയും സ്റ്റാർട്ടപ്പ് കമ്പനികളുടെയും സഹായം തേടിയതായി ബവ്റിജസ് കോര്‍പ്പറേഷൻ അധികൃതർ പറഞ്ഞു.
267 ഷോപ്പുകളാണ് ബവ്കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്.
വെർച്വൽ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളത്തിനാലാണ് പൊലീസിന്റെ സഹായം തേടിയത്. വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ തയാറാക്കിയിട്ടുള്ള സ്റ്റാർട്ട് അപ്പുകളിൽനിന്നാണ് സ്റ്റാർട്ട്അപ് മിഷൻ വഴി അപേക്ഷ ക്ഷണിച്ചത്.
‘ തിരക്ക് ഒഴിവാക്കാൻ പല വഴികളും ആലോചിക്കുന്നുണ്ടെന്നും അതിലൊന്നാണ് ഓൺലൈൻ സംവിധാനമെന്നും ബവ്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു.