കാഞ്ഞങ്ങാട്: ഇത് കാസർകോടൻ വിജയഗാഥ. സംസ്ഥാനത്ത് ഏറ്റവുമധികം കൊറോണ രോഗികളുണ്ടായിരുന്ന ജില്ല. ഇവിടെ കൊറോണ തോറ്റു, കാസർകോട് വിജയിച്ചു. കൊറോണ ബാധിച്ച് ഒരാളുടെ ജീവൻ പോലും നഷ്ടമായില്ല. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ്വ നേട്ടമാണ് ജില്ലയുടേത്. കാസർകോട്ട് കൊറോണ ബാധിച്ചു
ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയുടെയും ഫലം നെഗറ്റീവായതോടെ ജില്ല കൊറോണ മുക്തമായെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
രോഗം ബാധിച്ച് ഒരാൾക്ക്പോലും ജീവൻ നഷ്ടമായില്ലെന്നതും കൊറോണ അതിജീവനത്തിൻ്റെ തിളക്കം കൂട്ടുന്നു.
ഇന്ന് വൈകിട്ട് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് കൊറോണ ആശുപത്രിയില്‍ നിന്ന്
അവസാനത്തെ രോഗിയും വീട്ടിലേക്ക് മടങ്ങും.
പതിനഞ്ച് പഞ്ചായത്തിലും രണ്ട് മുനിസിപ്പാലിറ്റിയിലുമായി 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെമ്മനാട് പഞ്ചായത്തിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലുമായിരുന്നു.
അതേസമയം ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴേക്കും വൈറസ് ബാധിച്ച 80 ശതമാനം പേര്‍ക്കും രോഗം ഭേദമായിരുന്നു.
ഇതോടെ കൊറോണ രോഗികളില്ലാത്ത ജില്ലകളുടെ എണ്ണം ഏഴായി കാസർകോട് കൂടാതെ ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളാണ് കൊറോണ മുക്തമായത്.