റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച സർവീസ് നടത്തും

തിരുവനന്തപുരം: റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച സർവീസ് നടത്തും. ദോഹയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് ഇന്നത്തെ വിമാനം റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്.

ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമായിരുന്നു. വിമാനം റദ്ദാക്കിയതോടെ 181 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അനുമതി ലഭിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ പറഞ്ഞു. നാട്ടിലേക്ക് പുറപ്പെടുന്നതിനായി നേരത്തെ തന്നെ കുട്ടികളും ഗർഭിണികളുമടക്കം വിമാനത്തവാളത്തിൽ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം വിമാനം റദ്ദാക്കിയത് യാത്രക്കാരെ നിരാശരാക്കി.