45 മിനിറ്റിനുള്ളില്‍ അഞ്ചു ലക്ഷം രൂപയുടെ ലോൺ; എസ്ബിഐയുടെ എമര്‍ജന്‍സി ലോണ്‍ സ്‌കീം

കൊച്ചി: 45 മിനിറ്റിനുള്ളില്‍ അഞ്ചു ലക്ഷം രൂപയുടെ ലോൺ. ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സഹായമായാണ് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്. ‘എസ്ബിഐ എമര്‍ജന്‍സി ലോണ്‍ സ്‌കീം’ (അടിയന്തര വായ്പ പദ്ധതി) എന്ന പദ്ധതിയിലൂടെ അപേക്ഷ സ്വീകരിച്ച് വെറും 45 മിനിറ്റിനുള്ളില്‍ വായ്പ ലഭിക്കുന്നു. 10.5 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് വായ്പ ലഭിക്കും.

വായ്പയുടെ ഇഎംഐ ആറ് മാസത്തിന് ശേഷം നല്‍കി തുടങ്ങിയാല്‍ മതി എന്നതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ബാങ്കുകള്‍ നല്‍കുന്ന മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പലിശ നിരക്ക് കുറവാണ് എന്നതും പദ്ധതിയെ ആകര്‍ഷകമാക്കുന്നു.

എങ്ങനെ അപേക്ഷിക്കും
യോനോ എസ്ബിഐ ആപ്ലിക്കേഷന്‍ ഇല്ലാത്തവര്‍ ഡൗണ്‍ലോഡുചെയ്യുക.
‘Pre-approved Personal Loan’ PAPL ക്ലിക്കു ചെയ്യുക.
കാലാവധിയും വായ്പാ തുകയും തിരഞ്ഞെടുക്കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുകയും അത് സമര്‍പ്പിക്കുകയും വേണം.
എസ്ബിഐ അടിയന്തര വായ്പ തുക നിങ്ങളുടെ എസ്ബിഐ സേവിംഗ്‌സ് അക്കൌണ്ടില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും.
എല്ലാ നടപടിക്രമങ്ങളും ശരിയായി നടക്കുന്നുണ്ടെങ്കില്‍ ഈ പ്രക്രിയ 45 മിനിറ്റിനപ്പുറത്തേക്ക് പോകില്ല. കൂടാതെ 5 ലക്ഷം രൂപ വരെ വായ്പ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
നിങ്ങളുടെ യോഗ്യത അറിയാം
എസ്ബിഐയുടെ വെബ്‌സൈറ്റ്, യോനോ ആപ്പ് എന്നിവ വഴിയോ ഓണ്‍ലൈനിലൂടെയോ നിങ്ങള്‍ക്ക് ഈ അടിയന്തര വായ്പ പദ്ധതി ലഭിക്കും. എസ്എംഎസ് ടെക്സ്റ്റ് ഫോര്‍മാറ്റ് ആയ PAPL (പ്രീ അപ്പ്രൂ്ഡ് പേഴ്‌സണല്‍ ലോണ്‍സ്) തുടര്‍ന്ന് നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ 567676 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ടും നിങ്ങള്‍ക്ക് ഈ വായ്പാ പദ്ധതിയുടെ യോഗ്യത പരിശോധിക്കാന്‍ കഴിയും.