കള്ളിൻ്റെ കള്ളക്കളി വരുന്നു; ‘കലക്കി’ൽ കലക്കും; പുതിയ സാനിറ്റൈസർ വ്യാജനൊരുങ്ങുന്നു; കുടിച്ച് പൂസാകാൻ മലയാളി

കൊച്ചി: ലോക്ക്ഡൗണിൽ അടച്ചിട്ട മദ്യശാലകളിൽ ഷാപ്പുകള്‍ മാത്രം തുറക്കുന്നതോടെ ‘കലക്ക് കള്ള് ‘ റെഡിയാക്കാൻ വിദഗ്ധർ ഒരുക്കം തുടങ്ങി. കൂടുതല്‍ വേണ്ടിവരും. 13 ന് കള്ളുഷാപ്പുകൾ തുറക്കുമ്പോൾ മലയാളിക്ക് കുടിക്കാൻ വേണ്ടത് 20.4 ലിറ്റർ കള്ള്. പക്ഷേ, ഇത് എവിടെനിന്ന് കൊടുക്കുമെന്ന് ആർക്കുമറിയില്ല. എന്നാൽ മഴ പോലെ കള്ള് ഒലിച്ചിറങ്ങുമെന്ന ചിന്തയിലാണ് പലരും.! അതായത് സാക്ഷാൽ വിഷക്കള്ള്.

കേരളീയര്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ലോകം മുഴുവന്‍ പാട്ടാണ്. പക്ഷേ, കള്ളിന്റെ കണക്കോ? എത്ര ഉത്പാദിപ്പിക്കുന്നു, എത്ര വില്‍ക്കുന്നു? ആര്‍ക്കറിയാന്‍, ആരോട് ചോദിക്കാന്‍? കള്ളിന്റെ കള്ളക്കളി തുടങ്ങുന്നത് ഇവിടെയാണ്. പക്ഷേ, ചികഞ്ഞെടുക്കുമ്പോള്‍ ആ സത്യത്തില്‍ത്തട്ടി നമ്മള്‍ ഞെട്ടും.
ദിവസേന കേരളം കുടിച്ചിരുന്നത് ഏതാണ്ട് ഒന്‍പതു കോടിയുടെ വിഷക്കള്ളാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ കള്ള് നിർമിക്കേണ്ടി വരും. വ്യാജൻമാർ സ്പിരിറ്റ് കള്ളാണ് സാധാരണയായി വിറ്റിരുന്നത്. എന്നാൽ സ്പിരിറ്റ് കിട്ടാനില്ല. ഇപ്പോൾ സാനിറ്റെസറിൻ്റെ രാജ കാലമായതിനാൽ ഇവൻ തന്നെയാകും വ്യാജ കള്ള് നിർമാണത്തിൻ്റെ പ്രധാന ഇനമെന്ന് സൂചനയുണ്ട്.

അടച്ച ഷാപ്പുകള്‍ തുറക്കുകയും കള്ളിന് ആവശ്യക്കാര്‍ ഏറുകയും ചെയ്യുന്നതോടെ കൃത്രിമക്കള്ള് ഒഴുക്കിനും സാധ്യതയുണ്ട്. ചിറ്റൂരില്‍ പ്രധാനമായി ചെത്തുനടക്കുന്ന മീനാക്ഷിപുരം, ഗോപാലപുരം, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ ഭാഗങ്ങളിലെ തോപ്പുകളിലടക്കം കള്ളുത്പാദനം തുടങ്ങിക്കഴിഞ്ഞു. ലോക്ക്ഡൗണിൽ ചെത്ത് നിർത്തിയതും കഴിഞ്ഞ വേനല്‍മുതല്‍ ബാധിച്ചുതുടങ്ങിയ ജലക്ഷാമവും തുടര്‍ന്നുണ്ടായ വെള്ളീച്ചശല്യവും ഉത്പാദനം കുറച്ചിട്ടുണ്ട്.
കടുത്ത ചൂടും ചെത്തിയിറക്കുന്ന കള്ളില്‍ വലിയ കുറവുണ്ടാക്കുന്നുണ്ട്. അഞ്ചു ലിറ്റര്‍വരെ കള്ളുകിട്ടിയിരുന്ന തെങ്ങില്‍ രണ്ടരമുതല്‍ മൂന്നു ലിറ്റര്‍വരെ കള്ളുമാത്രമേ കിട്ടുന്നുള്ളൂ. ഇത് കലക്കുകള്ളിനടക്കം വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. എക്‌സൈസ് വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

എല്ലാ ജില്ലകളിലുമായി കള്ളുചെത്താന്‍ എകൈ്‌സസ് വകുപ്പില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരമടച്ചത് അഞ്ചു ലക്ഷത്തോളം തെങ്ങുകള്‍ക്ക്. ഒരു തെങ്ങിന്റെ ശരാശരി ഉല്പാദനം എകൈ്‌സസ് വകുപ്പിന്റെ കണക്കില്‍ ഒന്നര ലിറ്റര്‍. ഇതനുസരിച്ച് കേരളത്തിലെ പ്രതിദിന ഉല്പാദനം 8.7 ലക്ഷം ലിറ്റര്‍. ഇനി ഇതെല്ലാം രണ്ടും മൂന്നും ലിറ്റര്‍ നല്‍കുന്ന കാമധേനുക്കളാണെങ്കിലും ആകെ ഉല്പാദനം 15 ലക്ഷം ലിറ്ററില്‍ താഴെ മാത്രം. പക്ഷെ, തെങ്ങുകള്‍ക്ക് കരമടച്ചിട്ടേയുള്ളൂ. ബഹുഭൂരിപക്ഷം തെങ്ങുകളും ചെത്തുന്നില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം. അതുകൊണ്ടാണല്ലോ പാലക്കാട്ടെ ചിറ്റൂരില്‍നിന്ന് കള്ളുകൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ 136 റെയ്ഞ്ചിലായാണ് കള്ളുഷാപ്പുകള്‍. ഓരോ റെയ്ഞ്ചിലും ദിവസേന വില്‍ക്കുന്നത് 15,000 ലിറ്റര്‍ കള്ളെന്ന് എകൈ്‌സസ് വകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ ആകെ വേണ്ടത് ദിവസം 20.4 ലക്ഷം ലിറ്റര്‍. യഥാര്‍ത്ഥ ഉപഭോഗം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്.
എല്ലാ ജില്ലകളിലേക്കും ഇപ്പോള്‍ ചിറ്റൂരില്‍നിന്നാണ് കള്ള് കൊണ്ടുവരുന്നത്. എന്നാല്‍ ഇവിടെനിന്ന് പോവുന്നത് വകുപ്പിന്റെ കണക്കില്‍ ദിവസം വെറും രണ്ടേകാല്‍ലക്ഷം ലിറ്റര്‍. തെങ്ങിന്‍തോപ്പുടമകള്‍ സത്യംചെയ്യുന്നതോ വെറും 50,000 ലിറ്റര്‍ കള്ളേ തങ്ങള്‍ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും.

മൊത്തം വേണ്ട 20.4 ലക്ഷം ലിറ്ററിന് ആശ്രയിക്കുന്നത് ചിറ്റൂരിനെ. അവിടത്തെ ഉല്പാദനം ഔദ്യോഗിക കണക്കില്‍ 2.25 ലക്ഷം മാത്രവും. അപ്പോള്‍ ശേഷിക്കുന്ന 18.15 ലക്ഷം ലിറ്റര്‍ എവിടെനിന്നു വരുന്നു? മറ്റ് ജില്ലകളില്‍ തദ്ദേശീയമായിയെത്തുന്ന കള്ളിന്റെ അളവ് നാമമാത്രമായതിനാല്‍ ഇത് വ്യാജമായി നിര്‍മ്മിക്കുകയാണ്. ഈ വിഷക്കള്ളിന്റെ വരവ് എല്ലാവര്‍ക്കുമറിയാം. പക്ഷേ, കണ്ണടയ്ക്കുന്നു. ഈ പച്ചക്കള്ളത്തിന് എല്ലാവരും ചേര്‍ന്ന് കൂട്ടുനില്‍ക്കുന്നു. വിഷക്കള്ള് വിറ്റ് മാഫിയ ഊറ്റിയെടുക്കുന്നത് ദിവസേന ഒന്‍പതുകോടി രൂപ. യാഥാര്‍ഥ്യം ഇതിലുമെത്രയോ അവിശ്വസനീയമായിരിക്കാം?
വെറുതേയല്ല വിഷക്കള്ളിന്റെ ഈ സാമ്രാജ്യം തഴച്ചുവളരുന്നത്.