എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം നടത്തിയേക്കും

തിരുവനന്തപുരം: കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം അവസാനം നടത്തുമെന്ന് സൂചന. മെയ് 21 മുതലോ 26 മുതലോ നടത്താനാണ്
ആലോചനയെന്ന് അറിയുന്നു. എസ്എസ്എൽസിക്ക് ഇനി ബാക്കിയുള്ളത് മൂന്ന് പരീക്ഷകള്‍ മാത്രമാണ്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.

ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കുന്ന സാഹചര്യചത്തിലാണ് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചുനടത്താനും പ്ലസ് വണ്‍ പരീക്ഷകള്‍ പിന്നീട് നടത്താനുമാണ് സാധ്യത. മൂല്യനിര്‍ണയം ചില ക്യാമ്പുകളില്‍ മാത്രമാക്കി നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.