സ്വകാര്യത അപകടത്തിൽ; ആരോഗ്യ സേതു ആപ്പ്; സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട്

ന്യൂഡെൽഹി: കോറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു അപ്ലിക്കേഷനിൽ സുരക്ഷാവീഴ്ചയുണ്ടെന്നു ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് പറഞ്ഞു. ആപ്പിൽ സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് റോബര്‍ട്ടിൻ്റെ വെളിപെടുത്തൽ.

‘നിങ്ങളുടെ അപ്ലിക്കേഷനിൽ (ആരോഗ്യ സെതു) ഒരു സുരക്ഷാ പ്രശ്‌നം കണ്ടെത്തി. 90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങൾക്ക് എന്നെ സ്വകാര്യമായി ബന്ധപ്പെടാൻ കഴിയുമോ? എന്നും രാഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങൾ ശരിയാണ്.’ എന്നായിരുന്നു റോബര്‍ട്ട് ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയ്തത്.

ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം  ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും ബാപ്റ്റിസ്റ്റ് വ്യക്തമാക്കി.

അതേസമയം ഒരു ഉപയോക്താവിന്റേയും സ്വകാര്യ വിവരങ്ങളൊന്നും തന്നെ അപകടത്തിലായിട്ടില്ലെന്നും ബ്ലൂടൂത്ത് ലൊക്കേഷന്റെ സഹായത്തോടു കൂടിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതെന്നും അത് തികച്ചും സ്വകാര്യത നിലനിർത്തുന്നു എന്നുമാണ് കേന്ദ്രത്തിന്റെ വാദം.

രാജ്യത്തെ ഒമ്പതു കോടി  ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും റോബര്‍ട്ട് ട്വീറ്റില്‍ കുറിച്ചിരുന്നു.