പ്രവാസികളുടെ തിരികെ വരവ്; സംസ്ഥാനപട്ടിക കേന്ദ്രം അംഗീകരിച്ചില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരം കേന്ദ്ര സര്‍ക്കാറിനും എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള സൌകര്യം ഇതുവരെ വിദേശകാര്യ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും തിരിച്ചെത്താനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി 2250 പേരെയാണ് എത്തിക്കുന്നത്. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. എന്നാല്‍ അടിയന്തരമായി കേരളത്തില്‍ എത്തേണ്ടവര്‍ മാത്രം 1,69,136 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4,42,000 പേരാണ്. ഇവരില്‍ തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍ തുടങ്ങിയവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തുടരാനാവില്ല. ഇതിന് പുറമെ ഗര്‍ഭിണികള്‍, ലോക്ക് ഡൌണ്‍ കാരണം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട കുട്ടികള്‍, സന്ദര്‍ശക വിസയില്‍ പോയി വിസാ കാലാവധി അവസാനിച്ചവര്‍, കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയാണ് അടിയന്തരമായി തിരിച്ചെത്തിക്കേണ്ടത്. ഇവരെ ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയിലുള്ള എല്ലാവരെയും തിരിച്ചെത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.