കണ്ണൂരിൽ ഇറങ്ങാൻ 69120 പേർ ; കണ്ണൂർ വിമാനത്താവളം വഴി പ്രവാസികളെ കൊണ്ടുവരില്ല

തിരുവനന്തപുരം: പ്രവാസികൾ ആരേയും കണ്ണൂർ വിമാനത്താവളം വഴി കൊണ്ടു വരുന്നില്ലെന്ന് മുഖ്യമന്ത്രി. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ 69120 പേർ കണ്ണൂരിലേക്ക് വരാനാണ് താത്പര്യപ്പെട്ടത്. ഈ ലോക്ക് ഡൗണിൻ്റെ കാലത്ത് മറ്റിടങ്ങളിൽ വിമാനം ഇറങ്ങിയാൽ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാം. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

നിന്നും നമ്മുടെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആളുകളുടെ എണ്ണം താരത്മ്യപ്പെടുത്തിയാൽ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടു വരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേർ എത്തും. കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടിൽ എത്തിക്കേണ്ടവരുടെ മുൻ​ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോൾ 169130 പേരുണ്ട് എന്നാണ് കണ്ടത്. തിരിച്ചു വരാൻ നോർക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.

തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കി കിട്ടാത്തവർ, ജയിൽ മോചിതർ, ​ഗർഭിണികൾ, ലോക്ക് ഡൗൺ കാരണം മാതാപിതാക്കളിൽ നിന്നും വിട്ടു നിൽക്കുന്നവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, വീസാ കാലവധി കഴിഞ്ഞവർ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. സംസ്ഥാനം ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല കേന്ദ്രസർക്കാരോ എംബസിയോ വിവരങ്ങൾ തന്നിട്ടില്ല.

ഇക്കാര്യം കേന്ദ്രസർക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. മുൻ​ഗണനാലിസ്റ്റിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.