മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ സംസ്ക്കാരം നാളെ

മൂവാറ്റുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ സംസ്ക്കാര ശുശ്രൂഷകൾ നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലിൽ ആരംഭിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഇന്ന് (തിങ്കൾ) രാവിലെ പതിനൊന്നരയോടെ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃതദേഹം നിര്‍മല മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയില്‍ നിന്ന് പ്രാര്‍ഥനകള്‍ക്കായി ആശുപത്രിയിലെ ചാപ്പലിലേക്ക് മാറ്റിയിരുന്നു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ തുടങ്ങിയവർ പ്രാർഥനകൾക്ക് നേത്യത്വം നൽകി. വൈദീകര്‍, കന്യാസ്ത്രീകള്‍ എന്നിവരും പ്രത്യേക പ്രാര്‍ഥനകൾ നടത്തി.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എം.എം. മണി അന്തിമോപചാരം അര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ റോഷി അഗസ്റ്റിന്‍, എല്‍ദോ ഏബ്രഹാം, അനൂപ് ജേക്കബ്, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ഗോപി കോട്ടമുറിക്കല്‍, ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. നിര്‍മല ആശുപത്രിയില്‍ അവസാനമായി ഒരു നോക്കു കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നെങ്കിലും എല്ലാവരും നിരാശരായി മടങ്ങി.

മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിൽ നിന്ന് ഉച്ചയ്ക്ക് 12 ഓടെ മാർ ആനിക്കുഴിക്കാട്ടിലിൻ്റെ ഭൗതിക ശരീരം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ഇടുക്കി വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലിലേക്കു കൊണ്ടുപോയി. നേരത്തെ മൂവാറ്റുപുഴയിലും കോതമംഗലത്തും അടിമാലിയിലും കുഞ്ഞിത്തണ്ണിയിലും പൊതുദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.