അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ഒന്നു മുതൽ ക്ലാസ് ; അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്നതനുസരിച്ച് മാത്രമേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെങ്കിലും അത് സര്‍ക്കാരിന്റെ അനുവാദത്തോടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടും കൂടി മാത്രമേ ആരംഭിക്കുകയുള്ളൂ.

ജൂണ്‍ ഒന്ന് മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കും എന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇത് ചില സോഫ്റ്റ് വെയര്‍ വിതരണക്കാരുടെ കുടിലബുദ്ധിയില്‍ ഉടലെടുത്ത വാര്‍ത്തയാണെന്നും അസോസിയേഷന്‍ പറഞ്ഞു.

സംസ്ഥാന സിലബസ് പിന്‍തുടരുന്ന ആയിരത്തിലധികം സ്‌കൂളുകളുടെ ഏക അംഗീകൃത സംഘടനയാണ് കെആര്‍എസ്എംഎ. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക് സംഘടനയുമായോ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകളുമായോ യാതൊരു ബനധവുമില്ല.

ജനങ്ങളെയും രക്ഷകര്‍ത്താക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ അംഗീകൃത സ്‌കൂളുകള്‍ക്ക് സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും കെആര്‍എസ്എംഎ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ അറിയിച്ചു.