അറുപത്തൊന്നായിരം പ്രവാസികൾ: തൊഴിൽ നഷ്ടമായി തിരികെയെത്തും

തിരുവനന്തപുരം: വിദേശത്തുനിന്നുള്ള പ്രവാസികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.ഇത് അന്തിമ കണക്കല്ല, ഇവരുടെ സംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70638 പേരും, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതോടെ കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.

ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

മറുനാടന്‍ മലയാളികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് 45491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.