കൊറോണ ഡ്യൂട്ടി മാറ്റി കതിര്‍മണ്ഡപത്തിൽ; വിവാഹിതയായി വീണ്ടും ഡ്യൂട്ടിക്ക് അഞ്ജു ഐഎഎസ്

മലപ്പുറം: കൊറോണ ലോക്ക് ഡൗണിനിടെ ഔദ്യോഗികതകൾ മാറ്റിവച്ച് സബ് കളക്ടർ വധുവായി. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ് അഞ്ജുവാണ് കൊറോണ കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായത്.
പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി അഹല്യ ആശുപത്രിയിലെ ഓഫ്താല്‍മോളജിസ്റ്റ് ഡോ. ജെ നവറോഷ് ആയിരുന്നു വരന്‍.
നിര്‍ദേശങ്ങളെല്ലാം പാലിച്ച്‌ ലളിതമായിരുന്നു വിവാഹം. അഞ്ജു നാളെ വീണ്ടും ജോലിയില്‍ പ്രവേശിക്കും.

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്റെ വീട്ടില്‍ ഇന്നലെ കൊറോണ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. കൊറോണ ഡ്യൂട്ടിയിലായിരുന്ന അഞ്ജു ഒന്നാം തീയതി രാവിലെയാണു വീട്ടിലെത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അതേസമയം, കൊറോണ കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്ക് അവധി നല്‍കില്ലെന്ന് ഉറപ്പിച്ച്‌ പറയുകയാണ് ഈ സബ് കളക്ടര്‍. ‌ കോഴിക്കോട് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെഎസ് അഞ്ജു 2017 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.