മാനന്തവാടി: ജന്മനാടിനെ അമ്മയെ പോലെ സ്നേഹിച്ച വലിയ തൊഴിലാളി സ്നേഹി – മുതലാളി ജോയ് അറയ്ക്കലിന് തൊഴിലാളി ദിനത്തിൽ അന്ത്യയാത്ര.
കപ്പൽ ജോയിയെന്ന ഓമനപേരിൽ പാവങ്ങളുടെ മനം കവർന്ന
പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പൂർത്തിയായി. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.
രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി
എംഎൽഎമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാവിലെ അറയ്ക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു. കൊറോണ ജാഗ്രതയുടെ ഭാഗമായി, സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.
ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് ദുബായ്ക്ക് മടങ്ങിയത്. ഈസ്റ്ററിന് ജോയിയുടെ വരവു കാത്തിരുന്നു നാട്ടുകാർ. എന്നാൽ ലോക്ക്ഡൗണിൽ അത് യാഥാർഥ്യമായില്ല. ചേതനയറ്റ ശരീരം അവസാനനോക്ക് കാണാൻ കഴിഞ്ഞതും ചുരുക്കം പേർക്കും. ജനഹൃദയങ്ങളിൽ നല്ല ഓർമ്മകൾ സമ്മാനിച്ച് അറയ്ക്കൽ പാലസ് ഉടമ ജോയ് വിടവാങ്ങി. മടങ്ങി വരാത്ത ദീർഘയാത്ര.