കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്ക് അധ്യാപകരെയും നിയോഗിക്കാൻ സർക്കാർ തീരുമാനം.
വിദേശത്ത് നിന്നുള്ള ആളുകളെ തിരിച്ചു നാട്ടിലെത്തിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇനിയും ആളുകളെ ആവശ്യമുള്ളതിനാലാണ് അധ്യാപകരെ പ്രതിരോധ പ്രവർത്തങ്ങൾക്കായി നിയോഗിക്കാൻ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ കാസർഗോഡ് ജില്ലയിലുള്ള അധ്യാപകരെ ആകും നിയമിക്കുക. ഇതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ സജിത് ബാബു ആവശ്യപ്പെട്ടു.
അധ്യാപകരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി വാഹനത്തിലാകും വിവിധ കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ എത്തിക്കുക എന്നാണ് ജില്ല കളക്ടർ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്കും ഇതു സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉണ്ടാകും.