കൊച്ചി: കൊച്ചി കോര്‍പറേഷന്റെ കമ്മ്യൂണിറ്റി കിച്ചണില്‍ സംഘര്‍ഷം. അന്തേവാസികളും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരം സ്വദേശിയായ അരുള്‍ദാസ് എന്ന അന്തേവാസിക്കും ജീവനക്കാരില്‍ ഒരാള്‍ക്കും സംഘർഷത്തിൽ പരിക്കേറ്റു.
മുറിയില്‍ നിന്ന് ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് ജീവനക്കാരന്‍ മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും അരുള്‍ദാസ് പറഞ്ഞു. ഫോണ്‍ വിളിക്കാന്‍ പാടില്ലെന്നും ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നും പറഞ്ഞു. മര്‍ദനത്തില്‍ തന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് അരുള്‍ദാസ് വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ പ്രേം കുമാര്‍ സ്ഥലത്തെത്തി. നിര്‍ഭാഗ്യകരമായ സംഭവമെന്ന് ഡെപ്യൂട്ടി മേയര്‍ പ്രതികരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതര ജില്ലക്കാരും ഉള്‍പ്പെടെ 178 പേരാണ് ഈ ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവര്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചിരുന്നു. കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്. പൊലീസും ആത്മാര്‍ഥമായി സഹായിക്കുന്നുണ്ട്.