പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താൻ ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ പത്തനംതിട്ട എസ്പി കെജി സൈമൺ വെളിപ്പെടുത്തി.
പോസ്റ്റീവ് ആയ ചില വാർത്തകളാണ് പ്രതിക്ഷിക്കുന്നത്. അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ മാറ്റമില്ല. മൊബൈല്‍ ടവറുകൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു.
ജസ്നയെ കണ്ടെത്തി എന്ന പ്രചാരണം തെറ്റാണെന്നും കെ ജി സൈമൺ പറഞ്ഞു.
വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജെസ്നയെ അന്യ സംസ്ഥാനത്ത് കണ്ടെത്തിയെന്നും ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ നാട്ടിലെത്തിക്കുമെന്നും ചില സൂചനകൾ വന്നിരുന്നു. ബംഗളൂരുവില്‍ ജസ്നയെ കണ്ടെത്തിയതായിരുന്നു പുറത്തുവന്നത്.