വാര്‍ഡ് വിഭജനം ഇല്ലാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; ഓര്‍ഡിനന്‍സായി

തിരുവനന്തപുരം : തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനം ഇല്ലാതെ നടക്കും. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീറ്റി യോഗം ചേര്‍ന്ന് മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലായിരിക്കും. നവംബര്‍ 12 ന് മുമ്പ് പുതിയ ഭരണ സമിതി വന്നില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. അത് ഒഴിവാക്കി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ട് വന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കി. വാര്‍ഡ് അടിസ്ഥാനത്തില്‍ 2015 ല്‍ തയ്യാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള നിയമത്തില്‍ മാറ്റം വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനം കോവിഡ് പിടിയിലായതോടെ വാര്‍ഡ് വിഭജന നടപടികള്‍ മുടങ്ങുകയായിരുന്നു. ഇനി വാര്‍ഡ് വിഭജനം നടത്തി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്.