തിരുവനന്തപുരം: കൊറോണ വൈറസ് സമൂഹം വ്യാപനം കണ്ടെത്താനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
എച്ച്.എൽ.എൽ വഴിയാണ് ടെസ്റ്റ് കിറ്റുകൾ വാങ്ങുക.
കിറ്റിന്റെ ഗുണനിലവാരപരിശോധന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ തുടങ്ങി.
ആദ്യ ഘട്ട പരിശോധനക്കായി ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കായി 25,000 കിറ്റുകൾ ആണ് നൽകുന്നത്. കൊറോണ രോഗികളെ കൈകാര്യംചെയ്ത ആരോഗ്യപ്രവർത്തകർക്ക് 10,000 കിറ്റുകൾ നൽകും . മറ്റുള്ള ജീവനക്കാർക്കായി 15,000 കിറ്റുകളാണ് നീക്കിവെക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 10 കിറ്റും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾക്ക് 20 കിറ്റുകളും വീതം കൈമാറും.
രണ്ടാംഘട്ടത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ എന്നിവർക്കായി 20,000 കിറ്റുകൾ നൽകും. ഓരോ ജില്ലയിലും പോലീസുകാർക്ക് 500 കിറ്റുകൾ, ആരോഗ്യ പ്രവർത്തകർക്ക് 500 കിറ്റുകൾ, തദ്ദേശ സ്ഥാപനങ്ങളിനിന്നുള്ളവർക്ക് 500 കിറ്റുകൾ, അങ്കണവാടി പ്രവർത്തകർക്ക് 300 കിറ്റുകൾ എന്നിങ്ങനെ നൽകാനാണ് തീരുമാനം. ഓരോ ജില്ലക്കുമായി 1800 കിറ്റുകളെങ്കിലും എത്തിക്കും .
റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ, സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ എന്നിവർക്കായി 5000 കിറ്റുകൾ നീക്കിവെക്കും. പിന്നീട് വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കായി 25,000 കിറ്റുകൾ നൽകും. അറുപത് വയസിനു പ്രായമുള്ളവരുടെ പരിശോധന നടത്താൻ 20,000 കിറ്റുകൾ നൽകും. സാമൂഹികനീതി വകുപ്പ് ഡയറക്ടറാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുന്നത്.
റാപ്പിഡ് ടെസ്റ് നടത്താനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നടത്തിയ റാൻഡം പരിശോധനയിൽ 3056 സാമ്പിളുകൾ ശേഖരിച്ചു. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്.