ന്യൂഡെൽഹി: വായ്പ എഴുതി തള്ളിയ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ പരിഹാസ മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ.
ഏതൊരു കോൺഗ്രസുകാരെയുംപോലെ എഴുതാപ്പുറം വായിച്ച് കാര്യങ്ങൾ വിവാദമാക്കാൻ ശ്രമിക്കുകയാണ് രാഹുൽഗാന്ധിയെന്നും കാര്യങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ മൻമോഹൻ സിങ്ങിനോട് ചോദിച്ച് മനസിലാക്കണമെന്നും നിർമല സീതാരാമൻ പരിഹസിച്ചു.
ലജ്ജയില്ലാതെ രാഹുൽ ഗാന്ധിയും രൺദീപ് സുർജേവാലയും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യുപിഎ സർക്കാരിന്റെ കാലത്തുള്ള 2009 മുതൽ 2014 വരെയുള്ള സമയത്ത് 1,45,226 കോടി രൂപയുടെ ബാങ്ക് വായ്പകൾ എഴുതി തള്ളിയെന്നും വായ്പ എഴുതിതള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മൻമോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിർമല സീതാരാമൻ ഉപദേശിച്ചു.
മനഃപൂർവം വായ്പാ തിരിച്ചടക്കത്തവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 9,967 ജപ്തി നടപടികളും 3,515 എഫ്ഐആറുകളും ഇത്തരക്കാർക്കെതിരെ ഉണ്ടായി. 18,332.7 കോടി രൂപയുടെ ആസ്തികളാണ് നിരവ് മോദി, മെഹുൽ ചോക്സി എന്നിരുടെ കണ്ടുകെട്ടിയതെന്നും ധനമന്ത്രി വിശദീകരിച്ചു.
അതേസമയം അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും തടയാൻ കോൺഗ്രസ് പ്രതിബന്ധത കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടികാട്ടി.