തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ രണ്ടുമൂന്നു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം പുറപ്പെടുവിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മെയ് 02 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.