ചാല കമ്പോളത്തിൽ അവശ്യ സാധന കടകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ മെയ് മൂ​ന്ന് വരെ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ചാല കമ്പോളത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് മൂ​ന്ന് വരെ അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബലറാം കുമാർ ഉപാദ്ധ്യായ വിളിച്ചു ചേർത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് ധാരണയായത്. തിരക്കേറിയ ചാല കമ്പോളത്തിൽ മറ്റു മാർഗങ്ങൾ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ മെയ് 3 വരെ അടച്ചിടുവാൻ ധാരണയായത്.
ലോക്ക്ഡൗണിനിടെ സർക്കാർ കടകൾ തുറക്കാൻ ഇളവുകൾ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകൾ തറക്കുകയും ചെയ്തിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊറോണ പ്രോട്ടോക്കോൾ നടപ്പാക്കാനും കടകൾ അടക്കാൻ പൊലിസ് നിര്‍ദ്ദേശം നൽകുന്നതും ആശയക്കുഴപ്പങ്ങൾക്കും തര്‍ക്കങ്ങൾക്കും ഇടയാക്കിയിരുന്നു. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ‌ അതസമയം തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ ജില്ല കൊറോണ മുക്തമായെന്ന് കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.