പിണറായിയുടെ കണ്ണ് മഞ്ഞളിച്ചു പോയെന്ന് കേന്ദ്ര മന്ത്രി; മുരളീധരൻ മൂന്നാംകിട രാഷ്ട്രീയക്കാരനെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊറോണ രോഗബാധയെ സർക്കാരിനെതിരേ ആഞ്ഞടിച്ച് ബിജെപി. ബിജെപിക്കെതിരേ തിരിച്ചടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും. ഇതോടെ സി.പി.എം- ബി.ജെ.പി നേതാക്കളുടെ വാക്ക് പോര് രൂക്ഷമായി. കേന്ദ്രമന്ത്രി വി.മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കുറവുകള്‍ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാണ്. മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വിമര്‍ശനത്തിനാണ് കടകംപള്ളിയുടെ മറുപടി. സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വി.മുരളീധരന്‍ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചു. അമിത ആത്മവിശ്വാസം കൊണ്ടാണ് കോട്ടയം, ഇടുക്കി ജില്ലകളെ സംസ്ഥാനസര്‍ക്കാര്‍ ഗ്രീന്‍സോണായി പ്രഖ്യാപിച്ചത്.

പറഞ്ഞുതീരും മുന്‍പേ റെഡ് സോണായി മാറി. ഈ രോഗവ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. കൊറോണ പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പിആറുകാരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മേനിപറച്ചില്‍കേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

പിണറായി ആണ് കേരളം എന്ന ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളമെന്നാൽ പിണറായി എന്നാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. വിവരങ്ങൾ എന്തിനാണ് മറച്ചു വെക്കുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കടകംപളളി സുരേന്ദ്രൻ കേരള മന്ത്രിസഭയിലെ ശകുനിയാണെന്ന് പരിഹസിച്ചു. രാജവാഴ്ചയിൽ തമ്പുരാക്കന്മാർ പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും വലിയ ആർത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാർക്കാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെ ധൂർത്ത് കുറയ്ക്കാതെ സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനുള്ള ശ്രമം നടക്കുന്നതിൽ കാര്യമില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാൻ നടത്തുന്ന ശ്രമം ശരിയല്ലെന്നും കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ സംസ്ഥാനത്ത് ശക്തമായ ചർച്ചയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് നടത്തുന്ന ടെസ്റ്റുകൾ കുറവ് തന്നെയാണെന്നും സാമ്പിലുകളുടെ എണ്ണം പറഞ്ഞാണ് പിടിച്ചു നിൽക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.