ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിൽ എത്തില്ല; രേഖ പുറത്ത്

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ട്രഷറി ഓഫിസുകൾക്ക് ജോയിന്റ് ഡയറക്ടർ അയച്ച മാർഗനിർദേശപ്രകാരം ശമ്പളം നൽകുന്നതിനു മുമ്പ് കുറവു ചെയ്യുന്ന തുക ടിഎസ്ബി അക്കൗണ്ട് ആരംഭിച്ച് അതിൽ നിക്ഷേപിക്കണം എന്നാണ് നിർദേശം.

ഈ തുക ദുരിതാശ്വാസ പ്രവർത്തനത്തിൽ എത്തുന്നതിനു പകരം അടുത്ത മാസം ശമ്പളം നൽകുന്നതിനു തന്നെയോ മറ്റു വികസന പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാം എന്നാണ് ചട്ടം. ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്നവരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ശമ്പളം പിടിക്കുന്ന സർക്കാരിന്റെ നടപടി കള്ളക്കളിയാണെന്ന ആരോപണമാണ് സർക്കാർ ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്നത്.

ശമ്പളത്തിൽനിന്ന് മാറ്റിവയ്ക്കുന്ന തുക സർക്കാരിന് കൺസോളിഡേറ്റഡ് ഫണ്ടായി പരിഗണിച്ച് ഏതാവശ്യത്തിനും ഉപയോഗിക്കാം എന്നതിനാലാണ് ട്രഷറി സേവിങ്സ് അക്കൗണ്ടുകളുണ്ടാക്കി അതിലേക്കു നിക്ഷേപിക്കാൻ നിർദേശിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അതേസമയം ദുരിതാശ്വാസ ഫണ്ടിലേക്കു തുക വകയിരുത്തിയാൽ നിശ്ചിത ഹെഡ്ഡുകളിൽ മാത്രമേ ഈ തുക ഉപയോഗിക്കാൻ സാധിക്കൂ.

എന്നാൽ ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ അത് തിരികെ നൽകുന്നതു സംബന്ധിച്ച വിവരം പരാമർശിച്ചിട്ടില്ല എന്നതിനാൽ തിരിച്ചു ലഭിക്കുമെന്നതിൽ ഉറപ്പില്ല. മാത്രമല്ല, ഈ തുകയുടെ കൂടി വരുമാന നികുതി അടയ്ക്കുകയും വേണം.

അതേ സമയം റവന്യു ചെലവിന്റെ പകുതി തുക കേന്ദ്ര സർക്കാരാണ് നൽകുന്നതെന്നതിനാൽ ഇത് നഷ്ടപ്പെടാതിരിക്കാനാണ് ശമ്പളം നൽകിയതായി കാണിച്ച ശേഷം തിരിച്ചു പിടിക്കുന്നതെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് കുറ്റപ്പെടുത്തി

സർക്കാരിന് നികുതിയും ലഭിക്കും, ശമ്പളം നൽകിയെന്നു പേരും ലഭിക്കും. നിലവിലുള്ള സാഹചര്യത്തിൽ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന കൊടുത്തവരുടെയും ശമ്പളം പിടിക്കും. ദുരിതാശ്വാസ നിധിയിലേക്കാണെങ്കിൽ ഓരോരുത്തരുടെയും കഴിവനുസരിച്ചുള്ള തുക നൽകാൻ അധ്യാപക സംഘടനകൾ തയാറാണ്. നിർബന്ധിത പിരിവിനെയാണ് എതിർക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കല്ല ഈ തുക ചെലവഴിക്കുന്നത് എന്നതും എതിർക്കാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.