സംസ്ഥാനത്ത് പ്രവാസികളെ ക്വാറന്റൈയിലാക്കാൻ 2,39,642 കിടക്കകൾ സജ്ജമായി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി ക്വാറന്റൈനിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ‌കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനിൽ താമസിപ്പിക്കാൻ ഇന്നലെവരെ സർക്കാർ കണ്ടെത്തിയത് 2,39,642 കിടക്കകൾക്കുള്ള സ്ഥലം.

ഇതിൽ 1,52,722 കിടക്കകൾ ഇപ്പോൾത്തന്നെ തയാറാണ്. സർക്കാർ–സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകൾ സജ്ജീകരിക്കാനാകും.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയവും എറണാകുളത്തെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. മടങ്ങിവരാനായി നോർക്കയിൽ ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത് 2.20 ലക്ഷം പേരാണ്.