പ്രവാസി മലയാളികളെ ഒരുമിച്ച് തിരികെ കൊണ്ടുവരാനാവില്ല; കേരളത്തിൽ കൊറോണ സാമൂഹ്യ വ്യാപനം ഇല്ല: മന്ത്രി ശൈലജ

തിരുവനന്തപുരം : പ്രവാസി മലയാളികളെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുൻഗണനാ ക്രമത്തിൽ മാത്രമേ ഇവരെ തിരികെ കൊണ്ടുവരാൻ സാധിക്കു. വിസയുടെ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവർ, ചികിത്സാർഥം ഇവിടേയ്ക്ക് വരുന്നവർ ഇങ്ങനെയുള്ള ആളുകൾക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.

മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടിയുള്ള എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ സാമൂഹ്യവ്യാപനം ഉണ്ടാകുമെന്നു സംബന്ധിച്ചുള്ള ആശങ്ക വേണ്ടായെന്ന് മന്ത്രി പറഞ്ഞു.

കൊറോണ വൈറസിന്റെ മൂന്നാം ഘട്ട വ്യാപനം കേരളത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ല. റാൻഡം ടെസ്റ്റുകൾ അടക്കമുള്ള പരിശോധനകൾ നടത്തിയതിൽനിന്ന് സമൂഹവ്യാപനത്തിൻ്റെ സൂചനകൾ ലഭിച്ചിട്ടില്ല. എന്നാൽ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാൻ സാധിക്കില്ല. കാരണം മറ്റു ചില രാജ്യങ്ങളിൽ ലോക്ക്ഡൗൺ നീക്കിയ ശേഷം വൻതോതിൽ രോഗബാധ തിരിച്ചുവരികയും സമൂഹവ്യാപനത്തിലേയ്ക്ക് പോകുകയും ചെയ്തു. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഉണർന്നുതന്നെ ഇരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ തകരാറുണ്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് റാപിഡ് പരിശോധന തുടരാതെ ഇരുന്നത്. കാലതാമസം ഉണ്ടാകുമെങ്കിലും പിസിആർ കിറ്റുകളാണ് കൂടുതൽ ഫലപ്രദം. കിറ്റുകളുടെ കാര്യത്തിൽ പണം ഒരു പ്രശ്നമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ശരിയായ വിധത്തിൽ സുരക്ഷാ മുൻകരുതലുകളെടുത്ത് വേണം രോഗികളുമായി ഇടപെടാനെന്ന് എല്ലാ ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.