കോട്ടയത്ത് അവശ്യ സര്‍വീസുകള്‍ മാത്രം; കർശന നിയന്ത്രണങ്ങൾ

കോട്ടയം: അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനമായി. ജില്ലയില്‍ കനത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ദിവസം 200 ടെസ്റ്റുകള്‍ നടത്തും. കിറ്റുകളും മറ്റും എത്തിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

ഹോട്ട്‌സ്‌പോട്ടുകളില്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രം തുറന്നാല്‍ മതി. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കും. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് കുടിവെള്ള പ്രശ്‌നം പരിഹരിക്കും. ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും.

ജില്ലാ ആശുപത്രിയില്‍ കൊറോണ സ്റ്റാഫുകള്‍ക്ക് സുരക്ഷയൊരുക്കും, ഇവരുടെ താമസ സൗകര്യം ഉള്‍പ്പെടെ ക്രമീകരിക്കും. ഉദയനാപുരം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ കൂടി ഹോട്ട്‌സപോട്ടില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്കമാക്കി.