ഇടുക്കി-തമിഴ്നാട് അതിർത്തിയിൽ അമ്പതിലധികം കാട്ടുവഴികൾ; പരിശോധന ഊർജിതമാക്കി; ഡ്രൈവർമാരെ നിരീക്ഷിക്കും

ഇടുക്കി: തമിഴ്നാട്ടിൽ കൊറോണ കേസുകൾ കൂടിയതോടെ ഇടുക്കി-തമിഴ്നാട് അതിർത്തികളിൽ പൊതുജന പങ്കാളിത്തത്തോടെ പൊലീസ് പരിശോധന ഊർജിതമാക്കി. കുമളി, കമ്പംമേട്ട് മേഖലകളിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ അമ്പതിലധികം കാട്ടുവഴികളുണ്ട്. പല വഴികളും പൊലീസിനേക്കാൾ നന്നായി അറിയുന്നത് തദ്ദേശവാസികൾക്കാണ്. ഈ സാഹചര്യത്തിലാണ് അതിർത്തി കടന്ന് ആളുകൾ എത്തുന്നത് തടയാൻ പൊലീസ് നാട്ടുകാരുടെ സഹായം തേടിയത്.

ദേശീയപാതയ്ക്ക് പുറമേ റോസാപ്പൂക്കണ്ടം, കുങ്കിരിപ്പെട്ടി, പാണ്ടിക്കുഴി എന്നിവിടങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്. സ്വകാര്യ വാഹനങ്ങളിലും പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നു. മൂന്നാർ അതിർത്തി മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാന യാത്രയ്ക്ക് ശേഷമെത്തുന്ന ഡ്രൈവർമാരെ കൃത്യമായി നിരീക്ഷണത്തിലാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇതിനായി തൊടുപുഴ മേഖലയിലും നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നു.

ദേശീയപാതയ്ക്ക് പുറമേ കാട്ടുവഴികളിലും 24 മണിക്കൂർ കാവൽ ഏർപ്പെടുത്തി. നാളെ മുതൽ ജില്ലയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ വാഹന നിയന്ത്രണം പ്രാബല്യത്തിൽ വരും.

വനത്തിലെ പാറക്കെട്ടുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അനധികൃതമായി എത്തുന്നവർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് അറിയാൻ ഡ്രോൺ പരിശോധനയും സജീവമാക്കി.